കടുത്തുരുത്തി: ഏക മകനെ ബാധിച്ച മസ്തിഷ്‌ക രോഗവും അപസ്മാരവും മൂലം ദുരിതക്കയത്തിലായ വൃദ്ധ നിത്യ വൃത്തിക്കായി കരുണയുള്ളവരുടെ കൈത്താങ്ങ് തേടുന്നു.
കടുത്തുരുത്തി കെ എസ് പുരം മാനാടിയേല്‍ വീട്ടില്‍ ദേവകിയാണ് സ്വയം ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലുമാകാത്ത മകന്‍ ബൈജുവിനെ പരിചരിക്കുന്നതിനിടെ ജീവിതച്ചെലവുകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നത്.
ബൈജൂവിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചു. പിന്നീട് അയല്‍ വീടുകളില്‍ വേലയ്ക്കു നിന്നാണ് ദേവകി കുടുംബം പുലര്‍ത്തിയത്. ഏക മകന്‍ ബൈജുവായിരുന്നു ഇവരുടെ ഏക തണല്‍. ബൈജുവിനാകട്ടെ ചെറുപ്പം മുതല്‍ അപസ്മാരത്തിന്റെ അസുഖവുമുണ്ടായിരുന്നു. എങ്കിലും കടുത്തുരുത്തി പോലിസ് സ്റ്റേഷനിലുള്‍പ്പെടെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ബൈജുവും അമ്മയെ സഹായിച്ചു പോന്നിരുന്നതാണ്.
നാലു വര്‍ഷം മുമ്പ് ബൈജുവിന് ഒരു പനി വന്നു. മൂക്കിലൂടെ നിലയ്ക്കാതെ വെള്ളം വന്നു തുടങ്ങിയപ്പോള്‍ നിരവധി ചികിത്സകള്‍ ചെയ്തു. ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് ഹൈഡ്രോ കെഫാലസ് എന്ന മസ്തിഷ്‌ക രോഗമാണെന്ന് കണ്ടെത്തി. തലച്ചോറിനുള്ളില്‍ വെളളം കെട്ടി നില്‍ക്കുന്ന അസുഖം. തുടര്‍ന്ന അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ തലയോടു തുറന്നുള്ള ഓപ്പറേഷന്‍ നടത്തി. വലിയ തുക ഇതിനായി ചെലവായി നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ഇത് നടന്നത്.
ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ബൈജുവിന്റെ അസുഖം മാറിയില്ല. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് ഇപ്പോള്‍.
ആകെയുള്ള 5 സെന്റ് സ്ഥലത്തെ പ്ലാസ്റ്റിക് ചാക്കും ഷീറ്റും കൊണ്ടു മറച്ച കുടിലിലാണ് താമസം.
ദിവസേന ബൈജുവിന് ആവശ്യമുള്ള മരുന്നിനും നിത്യ ചെലവിനും വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ദേവകിയിന്ന്. അഭ്യുദയ കാംഷികളായ നാട്ടുകാര്‍ ഒരു സഹായ സമിതി രൂപീകരിച്ച് കടുത്തുരുത്തി സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാരമതികള്‍ക്ക് 43532200041124 എന്ന അക്കൗണ്ട് നമ്പറിലേക്ക് സംഭാവനകള്‍ നല്‍കാം.
No comments:
Post a Comment